Wednesday 4 December 2013

അവിടെ നിങ്ങൾക്ക് സുഖമാണോ?


മലർക്കെ തുറന്നിട്ട മുൻവാതിലിന്റെ കട്ടിളയിൽ താങ്ങി,
വശത്തെ പുളിമാവിൻ തണലിൽ ചാരി,
ഇരുമ്പു വേലിക്കിടയിലൂടെ കുട്ടികളുടെ കളി നോക്കി,
മുന്നിലെ പടിക്കെട്ടിൽ അലസമായി,
പാട്ടുകാരുടെ സംഘത്തിൽ,
ആരാധനയുടെ നടുക്ക്,
ദൈവത്തിന്റെ തൊട്ടടുത്ത്‌,
ഏതോ പ്രവചനം യാഥാത്ഥ്യമാക്കാനെന്നപോൽ
മാറിയും തിരിഞ്ഞും തെളിഞ്ഞണയുമ്പോൾ,
സാഗറച്ചാൻ,
നിങ്ങൾ ഈ പള്ളിയുടെ ഏതു ഭാഗമാണെന്നു
തിരയുകയായിരുന്നു ഞാൻ !

കൽത്തൂണ് പോലെ
അൾത്താര പോലെ
കാണിക്കപ്പെട്ടി പോലെ
ബലിപീഠം പോലെ
കുരിശു പോലെ
മെഴുതിരി പോലെ
വിശ്വാസികൾ പോലെ
പാപികൾ പോലെ
വെയിൽ വീണു തെളിയുന്ന മുകൾ വിരിപ്പിലെ ചുവർചിത്രം പോലെ
നിങ്ങൾ ഈ പള്ളിയുടെ ഏതു ഭാഗമാണെന്നു
തിരയുകയായിരുന്നു ഞാൻ.

ഓരോ മണിമുഴക്കത്തിനും
പറയാനുണ്ടാവും ഒരു സന്ദേശം.
സമയത്തിന്റെ,
പ്രഭാത-സന്ധ്യാ പ്രാർത്ഥനകളുടെ,
മരണത്തിന്റെ,
വിവാഹത്തിന്റെ,
ഇടയലേഖനങ്ങളുടെ,
അതിവിശിഷ്ട വാർത്തകൾ.
അതിനാൽ,
വന്നവർക്കും
പോയവർക്കും
വരാനുള്ളവർക്കും
സൌമ്യവും, ഏറ്റം വിലയേറിയതുമായ
ഒരു സന്ദേശമായി നിങ്ങൾ മുഴങ്ങുന്നതിനാൽ
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ
ഇനി മുതൽ നിങ്ങൾ ഒരു പള്ളിമണിയാവുന്നു.

പേരിൽ സാഗരമുണ്ടെന്നേയുള്ളൂ
വേലിയേറ്റത്തിന്റെ ശക്തിയോ
പിൻവാങ്ങലിന്റെ തന്ത്രങ്ങളോ
അറിയാത്ത
നിശ്ച്ചലതയാണ് നിങ്ങൾ.
കർത്താവെന്നപോൽ
കണ്മുന്നിൽ പെടുന്നവർക്കെല്ലാം
ചിരി വാരി വിതറുമ്പോൾ
ചിലതെല്ലാം പ്രതീക്ഷിച്ചതുകൊണ്ടാണ്,
കുശലം ചോദിക്കുമ്പോൾ കീശയിൽ നോക്കിയതുകൊണ്ടാണ്,
പ്രമാണിമാരുടെ ഇടങ്ങളിൽ
നിങ്ങളുടെ പേർ ചേര്ക്കപ്പെടാതെ പോയത്.
സാഗറച്ചാൻ,
കൌശലങ്ങളുടെ കാലമാണിത്
മുഖം മൂടികൾ ഇല്ലെങ്കിൽ ഇടയന്മാർ കൂട്ടുണ്ടാവില്ലെന്നും
കള്ളത്തരങ്ങൾ ഇല്ലെങ്കിൽ മുട്ടുണ്ടാവുമെന്നും
ഒരു ബൈബിളിലും പറഞ്ഞിട്ടില്ല.

ഇപ്പൊ,
വാർദ്ധക്യത്തിന്റെ തുരുമ്പിച്ച മണം മാത്രമുള്ള മുറിക്കുള്ളിൽ
ഓർമ്മകൾ പുതച്ചു തനിച്ചിരിക്കുമ്പോൾ
എനിക്കറിയാം,
നിങ്ങൾ ഒർക്കുന്നതെന്തെന്നു,
ജീവിതത്തിലിന്നോളം കൈമാറിയ
അഭിവാദ്യങ്ങളും, ആശ്ലേഷവും, ആശ്വാസവചനങ്ങളും, ചിരികളും
വ്യർത്ഥമാണെന്നല്ലേ?
വചനത്തിന്റെ ശരിയെന്തെന്നല്ലേ?
പ്രാർത്ഥനയുടെ പൊരുളെന്തെന്നല്ലേ?
സ്നേഹത്തിന്റെ അർത്ഥമെന്തെന്നല്ലേ?

ഇപ്പൊ,
നിങ്ങളറിയുന്നുണ്ടാവും,
വലിച്ചെറിഞ്ഞ ഒരു പേപ്പർ പാത്രത്തിന്റെ
ഒരിക്കലും നിവരാത്ത ചുളിവുകളുടെ നിസ്സഹായത.
ചവറ്റുകുട്ടയുടെ ഏറ്റവും നിന്ദ്യമായ മുഷിചിലിന്റെ നാറ്റം.
വഴുതി ദൂരേക്ക് പൊയ്പ്പോയ യൗവ്വനത്തിന്റെ പുച്ഛം.
തിരസ്ക്കാരത്തിന്റെ നോവ്‌, ഏകാന്തതയുടെ വിമ്മിട്ടം.
മരവിച്ച മനസ്സിന്റെ മടുപ്പേറും നീറ്റൽ.

മണ്ണാഴങ്ങളിലേക്ക് പടർന്നു കിടക്കുന്ന വേരുകളെക്കുറിച്ചും,
ആകാശത്തിന്റെ അതിരുകൾ തേടുന്ന ശിഖരങ്ങളെക്കുറിച്ചും,
അതിരറ്റ പാരമ്പര്യത്തെക്കുറിച്ചും,
അൾത്താരയിൽ അഹങ്കാരത്തോടെ സാക്ഷ്യപ്പെടുത്താം.
കൊടുങ്കാറ്റിലോ വെയിൽച്ചൂടിലോ കരുത്തോടെ കാക്കുമെന്ന് സമാധാനിക്കാം
പക്ഷെ,
അഴുകി നശിക്കുകയോ മുറിഞ്ഞു വേര്പെടുകയോ ചെയ്യാതെ
വസന്തവും വേനലും ശിശിരവും
വന്നണയാത്ത കൂടാരങ്ങളിൽ
അവ നിങ്ങളെ തളച്ചിടും.
സന്തോഷത്തിന്റെ സൂര്യവെളിച്ചമോ
ആശ്വാസത്തിന്റെ ജലകണികയോ
ഇറ്റിച്ചു തരാതെ!

തങ്ക അങ്കിയും വെള്ളിക്കരണ്ടിയുമില്ലായിരുന്നല്ലോ!
വെള്ളിപ്പണം പണ്ടേ ഞങ്ങൾ പങ്കിട്ടെടുത്തതാണല്ലോ!
ഞങ്ങൾക്ക് സ്വസ്ഥതയെ കെട്ടിപ്പുണർന്നുറങ്ങാൻ
കോഴി കൂവുന്നതിനു മുന്നേ
ഒറ്റു കൊടുക്കണം, തള്ളിപ്പറയണം,
നോവിൻ കുരിശ്
നിങ്ങൾക്ക് മാത്രമായി ഒരുക്കി വെക്കണം!
ഇപ്പോൾ,
അന്ധതയുടെ നിഴൽ വീണ നിങ്ങളുടെ ചിരിയിൽ
ഞങ്ങൾ യൂദാസും പത്രോസുമായി രൂപം മാറുന്നത്
ഞങ്ങൾക്ക് തന്നെ കാണാം
അറിഞ്ഞില്ലെന്നു ഭാവിക്കുന്നതാണ്!

എവിടെയായിരുന്നു?
സുഖം തന്നേ?
ഒന്നുമില്ലേ?
അകത്തളത്തിൽ, ഇടനാഴിയിൽ, വഴിയോരത്ത്,
ഇരുട്ട് വീണ മൂലകളിൽ
പൊടുന്നനെ നിങ്ങളുടെ ശബ്ദങ്ങൾ!
മനസ്സിൽ,
മുഷിഞ്ഞ ചുവരുകൾക്കുള്ളിൽ
കുനിഞ്ഞ് കുമ്പിട്ടിരിക്കും
നിങ്ങളുടെ ചിത്രങ്ങൾ!
ഏവരാലും ഒറ്റുകൊടുക്കപ്പെട്ട ഹിഗ്വിറ്റ.
ഏവരാലും തള്ളിപ്പറയപ്പെട്ട ക്രിസ്തു.
ഏവരാലും മുറിവേറ്റ നിങ്ങൾ.
എല്ലാം ഒന്ന് തന്നെ.

സാഗറച്ചാൻ,
ഇപ്പോഴും
കാഴ്ചകൾ കാണാറുണ്ടോ...
കണ്ണിൽ വെളിച്ചമുണ്ടോ?
കഴിക്കാറുണ്ടോ...
കഴിക്കുന്നതിനു രുചിയുണ്ടോ?
നിഴലുകളെ പേടിയുണ്ടോ...
നിഴലിന്റെ കൈ പിടിച്ചു നടക്കാറുണ്ടോ?
ആരെയെങ്കിലും ഓര്ക്കാറുണ്ടോ...
അവർ വരുന്നത് കാത്തു നിൽക്കാറുണ്ടോ?
ഉറങ്ങാറുണ്ടോ...
ഉറക്കം വരാറുണ്ടോ?
കരയാറുണ്ടോ...
കണ്ണീരിനുപ്പുണ്ടോ?
ചിരിക്കാറുണ്ടോ...
ചിരിയിൽ നോവുണ്ടോ?
ഇഷ്ടങ്ങൾ കൂട്ടിനുണ്ടോ....
സ്വപ്നങ്ങള്ക്ക് നിറമുണ്ടോ ?
അവിടെ,
നിങ്ങൾക്ക് സുഖമാണോ!?

Saturday 27 October 2012

ഖബറിടങ്ങള്‍ പറയുന്നത്..

രാത്രി വൈകി ഫുജൈറയില്‍ (യു എ ഇ ) മനുവിന്റെ വീട്ടിലെ ബാല്‍ക്കണിയില്‍ സൊറ പറഞ്ഞ് നില്‍ക്കുമ്പോഴാണ് മല്‍വിന്‍ പറഞ്ഞത് താഴെ ശവങ്ങളുടെ പാടമുണ്ടെന്നു. പേടിയില്ലെന്ന് കാണിക്കാനും കൂടി ഇരുപത്തിയഞ്ചു നില താഴേക്കു നോക്കി..ഒന്നും വ്യക്തമാകുന്നില്ല. അടുത്ത പുലര്‍ച്ചെ ഉണര്ന്നുടന്‍, താഴെ അപ്പോഴും നിശബ്ദമായി ഉറങ്ങുന്നവരെ നോക്കി. ചിതറിക്കിടക്കുന്നു ആയിരത്തോളം മരിച്ചവര്‍...ശാന്തമായി!
ഈ മണ്ണിന്റെ ഉടമകള്‍, എവിടെ നിന്നോ ഇവിടേയ്ക്ക് അഭയം തേടി വന്നവര്‍, ഈ മരുഭൂവില്‍ വെയിലേറ്റു വാടിയവര്‍, മണല്‍ക്കൂനക്ക് മുക
ളില്‍ മിനാരങ്ങള്‍ സ്വപ്നം കണ്ടവര്‍, റോഡും പാലവും പാര്‍ക്കും പണിതവര്‍, കടല്‍മീനിനെ ചൂണ്ടയില്‍ കൊരുത്തവര്‍, വിതച്ചവര്‍, കൊയ്തവര്‍, ചിരിച്ചവര്‍, ഭരിച്ചവര്‍, ഈ ബാല്‍ക്കണിയില്‍ നിന്നും വീണു മരിച്ചവന്‍, അടുക്കളയുടെ വലതു ചുവരില്‍ ഒന്‍പതാമത്തെ ഇഷ്ടിക വെച്ചവന്‍, അങ്ങനെ എത്ര എത്ര പേര്‍.

ഖബറിടങ്ങളിലെ കാഴ്ച മുറിക്കാതെ ഞാനോര്‍ത്തു. ഇരുപത്തിയഞ്ചു നില മുകളിലാണ് ഞാന്‍, തുടങ്ങിയടുത്തു നിന്നും വളരെ ഉയരെയാണ് ഞാന്‍, ഇനിയും ഉയരേക്ക് പോകുമായിരിക്കാം(പോകില്ലായിരിക്കാം), പക്ഷെ താഴെ മണ്ണിലേക്ക് തന്നെ മടങ്ങണം ഒരുനാള്‍....മണ്ണിന്റെ ഇത്തിരി അതിരിനുള്ളില്‍ സ്വസ്ഥമായുറങ്ങേണ്ടിവരും അവരെപ്പോലെ. കാത്തിരിക്കാനിഷ്ടമില്ല....വരുമ്പോള്‍ വരട്ടെ...വരുന്നിടത്ത് വെച്ച് കാണാം....നരച്ചു തുടങ്ങിയിരിക്കുന്നു....

Tuesday 28 June 2011

അസഹ്യം

1.
കൃത്രിമ ശീതക്കാറ്റില്‍ 
വിറ പൂണ്ട് വെറുതെ 
മരിച്ചിരിക്കുമ്പോഴൊക്കെ 
പരിചിതരറിയാതെ  
എരിയുമേതെങ്കിലും
ചിതയിലെക്കൊന്നു 
കുതിച്ചാലോ
എന്ന് മനം.

2.
നേരെ, വിലങ്ങനെ 
നെടുകെ, കുറുകെ 
മുറിഞ്ഞും മുറിയാതെയും
നിരസിക്കാനാവാത്ത 
നിലവിളിയായ്
വാര്‍ത്തകളുടെ
മടുപ്പ്.

പെണ്ണായ്
വളരുന്നതിന്‍ മുന്‍പേ 
രത്ന കംബളങ്ങളുടെ 
ഇത്തിരി വട്ടത്തില്‍
ഉടഞ്ഞ കണ്ണാടിയായ്‌
രക്തവും മാംസവുമായി 
മകള്‍.
പാനം ചെയ്തവരും
ഭക്ഷിച്ചവരും
അച്ഛനും 
ആയിരം 'ആണുങ്ങള്‍'ക്കും  
അനിമല്‍ പ്ലാനെറ്റിലെ
വേട്ടക്കാരന്‍ മൃഗത്തിന്റെ
വിശപ്പൊഴിഞ്ഞ
തണുപ്പ്.

3.
നീ
ഞാന്‍
കട്ടിലിനിരുവശം
പുറം തിരിഞ്ഞു
മനം പുകഞ്ഞു
കിടക്കുമ്പോളുയരുന്നു
മുറിഞ്ഞൊരു  ബന്ധത്തിന്‍
ഗന്ധം.
നിനക്കെന്നും സഖിയാകും
സഖിക്കെന്നും താങ്ങാകും 
സുഖത്തിലും ദുഖത്തിലും
പരസ്പരം തണലാകും
എന്നുള്ള പരിശുദ്ധ
വചനത്തില്‍
കയ്പ്പ്.


4.
ശമ്പള പാത്രത്തില്‍
നിറയാതെ  നോട്ടുകള്‍.
ചെലവിന്റെ
കയ്യിലൊതുങ്ങാതെ ജീവിതം
പഴയ കാമുകിയുടെ
കല്യാണം
പഴകിയോരമ്മൂമ്മയുടെ
പതിനാറടിയന്തിരം
ലോണിന്റെ തവണകള്‍
ഉറക്കത്തിന്റെ ഗുളികകള്‍ 
മാറുന്ന സര്‍വേക്കല്ലുകള്‍ 
ഞെരുങ്ങുന്ന അതിരുകള്‍
പിരിവിന്റെ കറന്റിന്റെ
നെറ്റിന്റെ രസീതുകള്‍


ഭാര്യയുടെ പരാതി
അമ്മയുടെ വേവലാതി 
സുഹൃത്തിന്റെ സന്ദേഹം
വേശ്യയുടെ വെറും രതി.
നെഞ്ചിലെ ചൂട് തേടുമ്പോള്‍ 
വിലാപങ്ങളുടെ അറപ്പ്
അവിശ്വാസത്തിന്റെ വെറുപ്പ്‌.



5.
ഒരു സ്വപ്നത്തില്‍
ബ്ലയ്ടിന്റെ മൂര്‍ച്ച തേടി
നീല ഞരമ്പ്‌ പിന്നെയും
ശിഖരങ്ങളായി പൊട്ടുന്നു.
മറ്റൊന്നില്‍,
നിലാവിന്റെ കയങ്ങളിലേക്ക്
മുങ്ങിയൊടുങ്ങുവാന്‍
മനസ്സ് പായുന്നു.
ഇനിയൊന്നില്‍,
കുരുങ്ങി പിടയുവാന്‍
ഏറ്റവും സ്നേഹത്തോടെ
കയര്‍ വച്ച് നീട്ടുന്നു
അദൃശ്യ ദേവതകള്‍.

6.
ഒടുവില്‍
തണുത്തുറഞ്ഞു
മരവിക്കുമ്പോള്‍
എവിടേക്ക് കൊണ്ട് പോകും?
മരപ്പെട്ടിയില്‍ മൂടി
പിന്നെയും മണ്ണിന്റെ തണുപ്പിലേക്കോ
അതോ നെയ്യില്‍ മുക്കി
എരിതീയിലേക്കോ ? 

Wednesday 1 June 2011

മഴ

കുട ചൂടി ഇടയ്ക്കിടെ 
നിന്നെ പിണക്കുമെങ്കിലും
പരിഭവങ്ങളില്ലാതെ പിന്നെയും നീ.
അറിയുമോ?
നിനക്ക് മാത്രമാണ് 
എന്റെ ശരീരത്തിന്റെ രഹസ്യങ്ങളിലേക്കും 
മനസ്സിന്റെ രസങ്ങളിലെക്കും 
ഉപാധികളില്ലാതെ കടന്നു വരാന്‍ അനുവാദം! 

Sunday 22 May 2011

പൂച്ചെടി കമ്പുകള്‍

ചൂരലിനെക്കാളും പൂച്ചെടി കമ്പുകളാണ്
എന്റെ ഭാവി നിര്‍ണയിച്ചത്!

അടുക്കിവെച്ച പത്തിരുപതു പൂച്ചെടി കമ്പുകള്‍
ഒരു ചൂല് പോലെ എന്നെ തുടച്ചു വൃത്തിയാക്കി
ദിവസവും പലതവണ.

ചന്തിയിലും തുടയിലും നിണലുകള്‍
കൈരേഖകള്‍ മുറിഞ്ഞു ചോരത്തുള്ളികള്‍.

അടിയുടെ പേടിയില്‍ എന്റെ അഭ്യാസം കണ്ട
അദ്ധ്യാപകന്റെയും കുട്ടികളുടെയും ചുണ്ടത്തെ ചിരി
എന്നെ അപമാനിതനാക്കി.

ഇത്രയൊക്കെയേ നന്നായുള്ളൂ എങ്കിലും
പൂച്ചെടി കംബുകള്‍ക്ക് നന്ദി!

Saturday 21 May 2011

രജത...കമലം!!!!


*ആരാ?
=...ഞാനാ.
*ഞാനെന്നു വെച്ചാല്‍?
=..ഞ ഞാന്‍ ആ ആദാമിന്റെ....
*ഓ...അബു....അല്ല എന്താ വന്നെ?
=അതുപിന്നെ....കിട്ടി!
*കിട്ടിയെന്നോ...എന്ത്?
=കിട്ടുമെന്ന് വിചാരിച്ചതല്ല...
*എന്ത് കുന്തത്തിന്റെ കാര്യമാ ഈ പറയണേ?
=..ഭരത്..അല്ല..വെള്ളി...അല്ല...കമലം.
*അല്ല ഇനിപ്പോ എന്ത് കിട്ടിയാലെന്താ..ലാലും മമ്മുവുമൊന്നും ആവില്യാല്ലോ..കറുത്തല്യോ ഇരിക്കണേ?
=നല്ലതാന്നാ എല്ലോരും പറയണേ...
*നീയാ വെള്ളിയോ കമലമോ എന്താണ് വെച്ചാ അടുക്കളേല് കമലത്തിന്റെ കയ്യ്ലോട്ടു കൊടുത്തേക്ക്.
=വേണ്ട,ഞാന്‍ തന്നെ...
*അവളാകുമ്പോ അതെടുത്തു തട്ടുമ്പുറത്തു വല്ലോം വെച്ചോളും....പിന്നാമ്പുറത്തേക്ക് പൊയ്ക്കോളൂ..നാശം..കിട്ടി പോലും!!

Friday 21 January 2011

ഓര്‍മ്മകളിലെ മഴപ്പെയ്ത്തുകള്‍!

വെള്ളിയാഴ്ചയാണ്....അവധിയാണ്....പുറത്തു മഴയാണ്,ഞാന്‍ വെറുതെയിങ്ങനെ മഴ കണ്ടിരിക്കുകയാണ്.മരുഭൂമിയില്‍ മഴ അപൂര്‍വമാണെന്ന അനുഭവസ്ഥരുടെ മൊഴികളെ കഴിഞ്ഞ ഒരാഴ്ചയായി അപമാനിക്കുകയാണ് ഇടയ്ക്കിടെ അലസമായി പെയ്യുന്ന ഈ മഴ.രണ്ടു മഴക്കാലങ്ങളും പിന്നെ അപ്രതീക്ഷിതമായി വിരുന്നു വരുന്ന മഴകളാലും സമ്പന്നമായ കേരളത്തില്‍ നിന്നും ഇവിടെയീ അജ്മാനിലെത്തിയിട്ടു എട്ടുമാസം കഴിഞ്ഞിരിക്കുന്നു.ഇതിനിടെ എത്ര തവണ മഴ കാണാന്‍ കൊതിച്ചിരിക്കുന്നു.
ഇലത്തുമ്പില്‍ മഴനൂല് പോലെ പെയ്യുന്ന ഇടവപ്പാതിയും,ഇടമുറിയാതെ പെയ്തിറങ്ങുന്ന തുലാവര്‍ഷപ്പെരുമയും,ഇടയ്ക്കിടെ മിണ്ടാതെവന്ന് കണ്ണുപൊത്തിക്കളിക്കുന്ന മഴയുടെ വിക്രിതിക്കുട്ടന്മ്മാരും എന്റെ ബാല്യകൌമാരങ്ങളുടെ ഓര്‍മ്മപ്പുസ്തകത്തില്‍ ഏറെ ചിത്രങ്ങളെ സമ്മാനിച്ചിരിക്കുന്നു.അതുകൊണ്ട് തന്നെ ഓരോ മഴ നിമിഷങ്ങളും എന്റെ മനസ്സിലേയ്ക്ക് ഓര്‍മ്മകളുടെ  മഴചിത്രങ്ങളെ പെയ്യിക്കുന്നു...ഈ മരുഭൂമഴയും...
1
ചിതറിപ്പെയ്യുന്ന മഴ.മഴയ്ക്ക് താഴെ പകച്ചു കൂനി നില്‍ക്കുന്ന എന്റെ ഓലപ്പുര.വീടിനുള്ളിലെ ഇത്തിരിമൂലയില്‍,പുതപ്പിനുള്ളില്‍ 'റ' വട്ടത്തില്‍ കിടന്നുറങ്ങുന്ന ഞാന്‍.മേയാത്ത കൂരയുടെ വിടവുകള്‍ക്കിടയിലൂടെ അകത്തേയ്ക്ക് വീഴുന്ന മഴത്തുള്ളികളിലൊന്ന് എന്റെ മുഖത്തിന്‌ ...മൂക്കിനു നേരെ മുന്നില്‍ ചാണകനിലത്തു  പതിച്ചു ചിതറുമ്പോള്‍ ശരീരമാകെ ഒരു കുളിര്‍.മുഖം മാത്രം പുറത്തേയ്ക്ക് കാണിച്ചു പുതപ്പു കൊണ്ട് ആകെ മൂടി,ഉറങ്ങാതെ കണ്ണടച്ചുള്ള ആ കിടപ്പിനിടയില്‍ മഴത്തുള്ളികളുടെ എണ്ണം കൂടുമ്പോള്‍ എന്റെ കിടപ്പിന്റെ രൂപവും നിരങ്ങി നിരങ്ങി മാറിക്കൊണ്ടിരിക്കും.ആ കിടപ്പുകള്‍ക്കിടയിലെപ്പോഴോ ആണ് മഴയെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയത്. ജീവിതത്തില്‍ ഏറെ ഇഷ്ടപ്പെട്ട അനുഭവവും ഓര്‍മയും ഈ മഴമയക്കമാണ്.
2
ഇടവപ്പാതിയും കാറ്റും കൈകോര്‍ത്തു തകര്‍ക്കുകയാണ്.പാടവരമ്പിലൂടെ സ്കൂളിലേക്കുള്ള യാത്ര.ചന്ദനനിറമുള്ള ഉടുപ്പും നീല നിക്കറുമിട്ട് ഞാനും മൊട്ടയും ഒരു കുടയില്‍.ചേച്ചി ഒറ്റയ്ക്ക് മറ്റൊരു കുടയില്‍.മഴ വരരുതേ എന്ന് ഒരിക്കലും ആഗ്രഹിക്കാത്ത നാളുകള്‍.പകുതി മഴ നനഞ്ഞും, മഴവെള്ളം തെറ്റിച്ചും,കുഞ്ഞു തവളകളെയും ഞണ്ടുകളെയും ഓലക്കാലില്‍ കൊരുത്തുപിടിച്ചും,സൂചിമുനയുള്ള ചെടിയില പറിച്ച് അറ്റത്ത് മഷിപുരട്ടി ബോട്ട് കളിച്ചും കളിചിരിയോടെയാണ് യാത്ര.പെട്ടെന്ന് കാറ്റ് കനത്തു.വീശിയടിക്കുന്ന കുടക്കുള്ളില്‍ വട്ടം ചുറ്റി.ഞാനും കൂട്ടുകാരനും സര്‍വ്വശക്തിയുമെടുത്ത്‌ കുടപിടിച്ചു.എന്നെക്കാള്‍ ചെറിയ എന്റെ പാവം ചേച്ചി കുടക്കുള്ളില്‍ നിസ്സഹായയായിരുന്നു.പിന്നെപ്പോഴോ ഒരു പാരച്യുട്ടു പോലെ കുട ഉയര്‍ന്നു പൊങ്ങിയോ?അറിയില്ല,കുട്ടിക്കാലത്തിന്റെ തോന്നലാവാം.എന്തായാലും കുടക്കാളില്‍ തൂങ്ങി ചേച്ചി വരമ്പില്‍ നിന്നും താഴെ വീണു.ഒരു പൊട്ടിക്കരചിലും പൊട്ടിച്ചിരിയും ഒരുമിച്ചുയര്‍ന്നു.ചെളിപുരണ്ട പച്ചപ്പാവാടയും വെള്ള ഉടുപ്പുമായി ചേച്ചി കരയുമ്പോള്‍ ഞാനും കൂട്ടുകാരനും അതുകണ്ട് ചിരിക്കുകയായിരുന്നു.പിന്നെ മടങ്ങി വീട്ടിലെത്തിയപ്പോള്‍,അപകടാവസ്ഥയില്‍ ചേച്ചിയെ ചിരിച്ചപമാനിച്ചതിനു,നനഞ്ഞ തുടയില്‍ അമ്മ പകര്‍ന്ന സമ്മാനം എന്നെയും കരയിച്ചു.അപ്പോഴും കള്ളമഴ പുറത്തു ചിരിക്കുകയായിരുന്നു.
3
ചെങ്ങന്നൂരിലെ  അമ്മവീട്ടില്‍ നിന്നാണ് രണ്ടാക്ലാസ്സ് പഠനം. സ്കൂള്‍ തുറക്കുമ്പോള്‍ എല്ലായിടത്തും ഒരുപോലെ മഴപെയ്യുമെന്നു അന്നാണറിഞ്ഞത്. സ്കൂള്‍വിട്ടുവന്നാല്‍, പച്ച നിറത്തിലുള്ള വെള്ളം നിറഞ്ഞു നീണ്ടു പരന്നു കിടക്കുന്ന പാറമടയില്‍ കുട്ടികളുടെ ഒരു പടതന്നെ  നീന്തിക്കുളിക്കാന്‍ പോകും. എന്നാല്‍ ഉഗ്രന്‍ മഴയായിരുന്നതിനാല്‍ രണ്ടുമൂന്നു ദിവസമായി പാറമടയില്‍ പോയിട്ട്. അന്ന് മഴയോഴിഞ്ഞു നിന്നിരുന്ന നേരം നോക്കി ഞങ്ങള്‍ കുളിക്കാനെത്തി. പേരു മറന്നുപോയ എന്റെ കൂട്ടുകാരനും അവനെക്കാള്‍ ഏറെ മൂപ്പുള്ള അവന്റെ ചേച്ചിയോടൊപ്പം പാറമടയില്‍ ഉണ്ടായിരിന്നു.അവന്നു നീന്താനറിയില്ല; തുണി നനച്ചു കഴിഞ്ഞിട്ടൊടുവില്‍ ചേച്ചി തന്നെ അവനെ കുളിപ്പിക്കും.അതുവരെ ഞങ്ങളുടെ നീന്തലും കളിയും കണ്ടു കൊണ്ട് അവന്‍ കരയിലിരിക്കും. അന്നും അങ്ങനെ തന്നെയായിരിന്നു. പെട്ടന്നുഒരു ഭയങ്കരന്‍ മഴ പാഞ്ഞെത്തി.പരസ്പരം കാണാന്‍ കഴിയാത്തത്ര കനമുള്ള മഴ. എല്ലാവരും കുളിയും നനയും നിര്‍ത്തി കരയിലക്കോടി.നനവിന്റെ കുളിരില്‍ വിറപൂണ്ടു കൂട്ടത്തോടെ ദൂരെ നില്കുമ്പോള്‍ അതിനിടയില്‍ പേര് മറന്നുപോയ  എന്റെ കൂടുകാരന്റെ ചേച്ചി അവന്റെ പേര് വിളിച്ചു അന്വേഷിക്കുന്നത് കണ്ടു,പക്ഷെ അവന്‍ അവിടെയില്ലായിരുന്നു. മഴത്തിരക്കിനിടയില്‍ അവന്‍ കുളത്തിലേക്ക് വഴുതി വീണിരിന്നു. മഴയ്ക്കിടക്ക് വെള്ളത്തില്‍ തിരച്ചിലായി. ഒടുവില്‍ ചെളിയില്‍ പുതഞ്ഞ അവനെ ആരോ കണ്ടെടുത്തു.
ഒരു കുഞ്ഞുപെട്ടിയില്‍ അവനെ അടക്കാന്‍ കൊണ്ട് പോയത് എന്റെ വീടിന്നു മുന്നിലൂടെയാണ്‌. എന്നെ അവിടെയ്ക്ക് ആരും കൊണ്ടുപോയിലെങ്കിലും മനസ്സില്‍ ചില കാഴ്ചകള്‍ വന്ന് നിറഞ്ഞു. പച്ചപുല്ലുകള്‍ക്കിടക്കു ചെറു നീളത്തില്‍ പുതുമണ്ണില്‍,ആറടി മണ്ണിന്റെ പകുതി ആവണം,അവനെ മൂടിയിരിക്കുന്നു. ഒരറ്റത്ത് കുരിശ്. കുഴിമാടത്തിനെ മറഞ്ഞു നിറയെ പൂക്കള്‍. പൂക്കള്‍ക്ക് മീതെ, അവന്റെ  ദേഹത്തേക്കെന്നപോലെ പെയ്യുന്ന മഴ.മഴയിലലിഞ്ഞു തീരുന്ന കരച്ചിലുകള്‍....ഇപ്പോഴും ചില മഴനേരങ്ങളില്‍ അവനെയോര്‍ക്കുമ്പോള്‍ മനസ്സില്‍ ഈ ഭാവനചിത്രങ്ങള്‍ വന്നുന്നെയും.........സത്യമെന്നതുപോലെ.
4
തുലാവര്‍ഷകാലത്തൊരിക്കല്‍, അന്ന് ഞങ്ങള്‍ ഒരുമിച്ചു മൊട്ടക്കുന്നിലേക്കുപോയി.കാര്യവട്ടം കാപസിലെ ബോട്ടണി വകുപ്പിന്റെ ചെടിക്കാടുകള്‍ക്കിടയിലൂടെ ദൂരേക്ക്‌ പോകണം മൊട്ടക്കുന്നിലെത്താന്‍. ജേര്‍ണലിസം പകുതി വഴിക്ക് വിട്ടു രാജേഷ്‌  എയര്‍ ഫോഴ്സിലേക്ക് ജോലിക്ക് പോകുകയാണ്. ഉമക്ക് വിഷമം. ഉമയും രാജേഷും പ്രേമമാണ്. ഞങ്ങള്‍ക്ക് വിഷമമാണ്  അവനെ പിരിയാന്‍. രഞ്ഞുവിന്റെ  ക്യാമറ മിന്നി, വേദനകള്‍ പകര്‍ത്തി കഴിഞ്ഞപ്പോഴേക്കും മഴ വന്നു. മഴ നനയാതെ നില്‍കാന്‍ ഇടമുണ്ടയിരിന്നില്ല. മഴ നനയരുതെന്ന് ആര്‍ക്കും ആഗ്രഹവുമുണ്ടായിരുന്നില്ല .മഴ നനഞ്ഞു തിരികെ നടന്നു. ക്യാമ്പസ്‌ മുറ്റത്തെ ഡിവൈഡറില്‍ ഞങ്ങള്‍ മഴ നനഞ്ഞു മൌനമായിരിന്നു. എല്ലാവരും അത്ഭുതത്തോടെ ഞങ്ങളെ നോക്കി. പെട്ടെന്നു അനുമോദ്, രാജേഷ്‌ എപ്പോഴും ചൊല്ലുന്ന കവിത ചൊല്ലി. ഞങ്ങള്‍ ഏറ്റു ചൊല്ലി. മഴയത്ത്‌ നൃത്തം ചവുട്ടി. ഉമയുടെയും മറ്റു പലരുടെയും കണ്ണീര്‍ മഴയിലിഞ്ഞു. കവിത ഉറക്കെയായി....
                          "വലയില്‍ വീണ കിളികളാണ് നാം
                           ചിറകൊടിഞ്ഞൊരിണകളാണ് നാം
                           വഴിവിളക്ക്  കണ്ണ് ചിമ്മവേ.......
                           വഴിയിലെന്തു നമ്മള്‍ പാടണം"
5
കുളിരുള്ള ഒരു മഴയായാണ്‌ അവളെന്നിലേക്ക് വന്നത്.എന്നിട്ടും എന്റെ ദുരിതങ്ങളുടെ പെരുമഴയിലേക്ക് വരരുതെന്നാണ്‌ ഞാനാദ്യം അവളോട്‌....മീരാജിയോടു പറഞ്ഞത്.പക്ഷെ,ടെറസിന് മുകളില്‍ മഴ കൊണ്ട് നില്‍ക്കുമ്പോള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് പേടിച്ചു വിറച്ചവള്‍ കോണ്ട്രാക്റ്റ് ബേസിസ് പ്രണയത്തിന്റെ സാധ്യത ആരാഞ്ഞപ്പോള്‍ ഞാന്‍ മനസ്സില്‍ ചിരിച്ചുപോയി പിന്നെ പതിയെ കീഴടങ്ങി.ആദ്യ ദിനം കൂട്ടായെത്തിയ മഴ പിന്നെ ഇടയ്ക്കിടെ കളിപറഞ്ഞെത്തി ... പിന്നെപ്പിന്നെ പ്രണയത്തിന്റെ മറവില്‍ കുടയില്ലാതെ എത്രയോ മഴ കൊണ്ടിരുന്നു ഞങ്ങള്‍....മ്യൂസിയത്തെ മരബെഞ്ചില്‍...കാമ്പസിലെ പടവുകളില്‍...സെനെറ്റ് ഹാളിലെ സിമന്റ്‌ തറയില്‍..പോസ്റ്റ്‌ ബോക്സ്‌ പെട്ടിയുടെ ചുവട്ടില്‍.
പ്രശ്നങ്ങളും പ്രതിസന്ധികളും പട്ടിണിയും വിടാതെ പിന്തുടര്‍ന്ന നാളുകളില്‍ വീണ്ടും മ്യൂസിയത്തെ പച്ചപ്പുല്ലില്‍ ഭ്രാന്തരെപ്പോലെ
മഴകൊണ്ടിരുന്നു...മഴയില്‍ ആരുമറിയാതെ കരഞ്ഞു...പ്രേം കൃഷ്ണനോ ബര്‍ഷാദോ മുകേഷോ രാജേഷോ ശന്തനുവോ കൊണ്ട് വരുന്ന കാശിനെക്കാത്ത് മഴ നനഞ്ഞിരുന്നു.വിവാഹത്തിനിപ്പുറം മഴവരുമ്പോള്‍ ഞാനും മീരാജിയും മഴ നനഞ്ഞ പ്രണയ കാലത്തെപ്പറ്റി പറഞ്ഞു ചിരിച്ചു...കണ്ണ് നനച്ചു...മഴത്തണുവില്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
6
ഒറ്റക്കായിപ്പോകുന്ന മഴനേരങ്ങളിലാണ് ഓര്‍മ്മകള്‍ ബുദ്ധിജീവി രൂപം പൂണ്ടെത്തുന്നത്.പലപ്പോഴും ഖസാക്കിലെ മഴ മനസ്സില്‍ പെയ്യും.ഖസാക്കിന്റെയും കര്‍മബന്ധങ്ങളുടെയും കൂട് വിട്ടു യാത്ര തുടരുന്ന രവി...കൂമന്‍ കാവില്‍ കുഞ്ഞു പാമ്പിന്റെ കുട്ടിക്കളിയില്‍ സംതൃപ്തനായി ചാഞ്ഞു കിടക്കുന്ന രവി...രവിയുടെ മേലേക്ക് പെയ്തു,വളര്‍ന്നു,കുറുകിയൊടുങ്ങുന്ന മഴ...ചെതലിമലയുടെ മുകളിലേക്ക് ചാഞ്ഞു വീഴുന്ന മഴ ...ഖസാക്കിലെ പനമ്പട്ടകളില്‍ താളം പിടിക്കുന്ന മഴ.കാക്കനാടന്റെ 'മഴനിഴല്‍ പ്രദേശത്തില്‍' നായകന്റെ മേല്‍ മാത്രം പെയ്താശ്വസിപ്പിച്ച് ആകാശങ്ങളില്‍ പോയി മറയുന്ന അലിവിന്റെ പനിനീര്‍ മഴ.കുഞ്ഞുനാളിലും മുതിര്‍ന്നപ്പോഴും ഏറെ ചൊല്ലിത്തളര്‍ന്ന സുഗതകുമാരി ടീച്ചറിന്റെ 'രാത്രിമഴ'.മേഘമല്‍ഹാറിന്റെ ആരോഹണാവരോഹണങ്ങളില്‍ ...രാഗതീവ്രതയില്‍, അറിയാതെ പെയ്തുപോകുന്ന മഴ.ചെളിക്കുണ്ടിനടിയില്‍ നിന്നും മുകളിലേക്കുയര്‍ന്നുനിന്ന വിക്ടര്‍ ജോര്‍ജ്ജിന്റെ ഒറ്റക്കൈക്ക് മേലെ പെയ്ത ഉരുള്‍ മഴ.പരിചിത മുഖവുമായി ബസ്‌ സ്റ്റോപ്പില്‍ ബീടിപ്പുകയുമായി വിറപൂണ്ടിരുന്ന ഭ്രാന്തന്റെ ചുറ്റും പെയ്ത ഭ്രാന്തന്‍ മഴ.വേവലാതിയുടെ കുടവുമെടുത്ത് വീടിന്റെ തേരിയിറങ്ങി താഴെ കിണറ്റിന്‍ചുവട്ടിലേക്ക്  പോകുന്ന അമ്മയുടെ മേല്‍ ക്രൂരമായി പെയ്ത മഴ......നാടുനീളെ ആലിപ്പഴം പെയ്ത മഴ.ഇങ്ങനെ, കഥയും കവിതയുമൊക്കെ യാഥാര്‍ത്ഥ്യങ്ങളാവുകയും അനുഭവങ്ങളും കാഴ്ചകളും ഓര്‍മ്മകളായി പുനരുജ്ജീവിക്കുകയും ചെയ്യുകയാണ് ഈ മഴനേരങ്ങളില്‍.
പുറത്തു ഇപ്പോഴും മഴ തന്നെ....